ജനാധിപത്യത്തിന്റെ ഹൃദയം തെരഞ്ഞെടുപ്പാണ്. ഇന്ന് തിരഞ്ഞെടുപ്പുകൾ വോട്ടിംഗ് ബൂത്തിൽ മാത്രമല്ല, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും നടക്കുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, ട്വിറ്റർ തുടങ്ങിയവ ഇന്ന് രാഷ്ട്രീയ സംവാദങ്ങളുടെ പ്രധാന വേദികളായി മാറിയിരിക്കുന്നു.
അവിടെ ജനാധിപത്യത്തിന്റെ അന്തസും ഡിജിറ്റൽ മര്യാദകളും എത്രത്തോളം സംരക്ഷിക്കപ്പെടുന്നു എന്നത് ഗൗരവതരമായ ചർച്ചയർഹിക്കുന്നു. ജനാധിപത്യത്തിന്റെ വിജയം സംവാദങ്ങളുടെ ഗുണനിലവാരംകൂടിയാണ്.
ആവർത്തനത്തിന്റെ മായാജാലം
മനഃശാസ്ത്രപരമായ ചില തന്ത്രങ്ങളിലൂടെ വോട്ടർമാരുടെ ബോധത്തെ കീഴടക്കാൻ ഇന്ന് രാഷ്ട്രീയ പാർട്ടികൾക്ക് സാധിക്കുന്നുണ്ട്. അതിൽ പ്രധാനമാണ് ‘ഇല്യൂസറി ട്രൂത്ത് ഇഫക്റ്റ്’. ഒരു നുണ ആദ്യമായി കേൾക്കുമ്പോൾ തോന്നുന്ന സംശയം, അത് വിവിധ ഗ്രൂപ്പുകളിലൂടെയും പ്ലാറ്റ്ഫോമുകളിലൂടെയും ആവർത്തിച്ചു കേൾക്കുമ്പോൾ സത്യമാണെന്ന തോന്നലിലേക്ക് വഴിമാറുന്നു.
സൗജന്യം എന്ന മിഥ്യ
“നിങ്ങൾ ഒരു സേവനത്തിന് പണം നൽകുന്നില്ലെങ്കിൽ, നിങ്ങൾ അവിടെ കേവലം ഒരു ഉപഭോക്താവല്ല; മറിച്ച്, അവിടെ വിൽക്കപ്പെടുന്ന ഉത്പന്നമാണ്” എന്ന ആൻഡ്രൂ ലൂയിസിന്റെ വാക്കുകൾ ഡിജിറ്റൽ യുഗത്തിൽ ഏറെ പ്രസക്തമാണ്.
കേരളത്തിലെ വോട്ടർമാർ ഇന്ന് വെറുമൊരു വോട്ട് ബാങ്ക് മാത്രമല്ല, വൻകിട ടെക് കമ്പനികളുടെ ഡാറ്റാബാങ്ക് കൂടിയാണ്.
ഡിജിറ്റൽ രാഷ്ട്രീയത്തിലെ പത്തു കല്പനകൾ
- ഡിജിറ്റൽ സഹിഷ്ണുത: നിങ്ങളുടേതല്ലാത്ത രാഷ്ട്രീയ അഭിപ്രായങ്ങൾക്കും ഇവിടെ ഇടമുണ്ടെന്ന് തിരിച്ചറിയുക.
- നയപരമായ വിമർശനം: വ്യക്തിപരമായ അധിക്ഷേപങ്ങളും കുടുംബത്തെ വലിച്ചിഴയ്ക്കലും രാഷ്ട്രീയമല്ല, സാംസ്കാരിക ശൂന്യതയാണ്.
- വസ്തുതാ പരിശോധന: സന്ദേശം ‘ഫോർവേഡ്’ ചെയ്യുന്നതിന് മുമ്പ് അതിന്റെ സത്യാവസ്ഥ ഔദ്യോഗിക സ്രോതസുകളിലൂടെ ഉറപ്പുവരുത്തുക.
- സഹിഷ്ണുതയുടെ സംസ്കാരം പുലർത്തുക: നിങ്ങളുടെ പ്രതികരണങ്ങളിലും പ്രതിപക്ഷബഹുമാനം പുലർത്തുക. നിങ്ങളുടെ പ്രതികരണങ്ങൾ നിങ്ങളുടെ വ്യക്തിത്വത്തിന്റെ പ്രകാശനമാണ്.
- ആവർത്തിക്കുന്ന നുണകളിൽ വീഴാതിരിക്കുക: പല ഗ്രൂപ്പുകളിൽനിന്ന് ഒരേ നുണ ആവർത്തിച്ചു വരുമ്പോൾ അത് സത്യമാണെന്ന് വിശ്വസിച്ചുപോകരുത്.
- ചിന്തിക്കാൻ സമയം നൽകുക: വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള 48 മണിക്കൂർ ഡിജിറ്റൽ പ്രചാരണങ്ങളിൽനിന്ന് വിട്ടുനിൽക്കുക.
- എഐ ചതിക്കുഴികൾ തിരിച്ചറിയുക: എഐ ഉപയോഗിച്ചു നിർമിച്ച ഡീപ് ഫേക്ക് വീഡിയോകളും വ്യാജ ശബ്ദരേഖകളും തിരിച്ചറിയാൻ ജാഗ്രത പുലർത്തുക.
- ഡാറ്റാ സാക്ഷരത കൈമുതലാക്കുക: വർണാഭമായ ഗ്രാഫുകളും ശതമാനക്കണക്കുകളും കണ്ട് അന്ധാളിക്കരുത്.
- നിങ്ങൾ വിൽക്കപ്പെടുന്ന ‘ഉത്പന്നം’ ആകരുത്: നിങ്ങളുടെ രാഷ്ട്രീയ ചായ്വുകളും ഇഷ്ടങ്ങളും വൻകിട കമ്പനികൾക്ക് കച്ചവടം ചെയ്യാനുള്ള ഡാറ്റയാണെന്ന് ഓർക്കുക. സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ നിങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കരുത്.
- സൈബർ നിയമങ്ങളെ ബഹുമാനിക്കുക: അപകീർത്തി പരാമർശങ്ങളും വിദ്വേഷപ്രസംഗങ്ങളും നിയമനടപടികൾ ക്ഷണിച്ചുവരുത്തുമെന്ന് ഓർക്കുക.
കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധത ലോകപ്രശസ്തമാണ്. ആ പ്രബുദ്ധത നമ്മുടെ ഡിജിറ്റൽ ഇടപെടലുകളിലും പ്രതിഫലിക്കണം.
(അവസാനിച്ചു)